സോളാർ കേസിൽ ഡൽഹി കേരള ഹൗസിൽ സിബിഐ സംഘം പരിശോധന നടത്തി
ഡൽഹി: സോളാർ കേസിൽ ഡൽഹി കേരള ഹൗസിൽ സിബിഐ സംഘം പരിശോധന നടത്തി. വാഹന രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ സി.ബി.ഐ പരിശോധിച്ചു. കേരള ഹൗസിലെ ജീവനക്കാരെയും സിബിഐ സംഘം ചോദ്യം ചെയ്തു. സോളാർ കേസിൽ പരാതിക്കാരി നൽകിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണ സംഘം ഡൽഹിയിലെത്തിയത്. സിബിഐയുടെ രണ്ട് സംഘങ്ങളാണ് ഈ മാസം 4 മുതൽ 9 വരെയുള്ള തീയതികളിലായി ഡൽഹിയിൽ എത്തിയത്.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയാണ് സംഘം ചോദ്യം ചെയ്തത്. മറ്റൊരു സംഘം കേരള ഹൗസിൽ പരിശോധന നടത്തി. കേരള ഹൗസിലെ അതിഥികളുടെ താമസ രജിസ്റ്ററും വാഹന രജിസ്റ്ററും സംഘം പരിശോധിച്ചു. ജീവനക്കാരിൽ നിന്ന് സംഘം മൊഴിയെടുത്തു.
2012 മുതലുള്ള രേഖകളാണ് സിബിഐ പരിശോധിക്കുന്നത്. കാലഹരണപ്പെട്ടതിനാൽ അന്വേഷിക്കുന്ന പല രേഖകളും സി.ബി.ഐക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷം വീണ്ടും തെളിവെടുപ്പ് നടത്തുമെന്നും സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.