സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നില്ല

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം ഇന്ന് ഉണ്ടാവില്ല. ഫലം ഈ ആഴ്ച അവസാനമോ അടുത്തയാഴ്ചയോ പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ വിവരം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പുറത്തുവരുമെന്നും പന്ത്രണ്ടാം ക്ലാസ് ഫലം ഈ മാസം 10 നു പുറത്തുവരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അധികൃതർ . മൂല്യനിർണയ പ്രക്രിയ പുരോഗമിക്കുകയാണെന്നും ഫലം പുറത്തുവരാൻ കുറച്ച് ദിവസങ്ങൾ കൂടി എടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ട് ടേം പരീക്ഷകളിൽ ഓരോന്നിനും എത്ര വെയിറ്റേജ് നൽകും എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. മെയ് 24നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ പൂർത്തിയായത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഈ മാസം 15നും . ഐസിഎസ്ഇ (10) പരീക്ഷ മെയ് 20 നും ഐഎസ്സി പരീക്ഷ മെയ് 13 നും നടക്കും. മിക്ക സംസ്ഥാന ബോർഡുകളും ഇതിനകം 10, 12 ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

അതേസമയം, പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സിബിഎസ്ഇ ‘പരീക്ഷാ സംഗം’ എന്ന പേരിൽ പ്രത്യേക പോർട്ടൽ ആരംഭിച്ചു. സ്കൂളുകൾ, റീജിയണൽ ഓഫീസുകൾ, സിബിഎസ്ഇ ഹെഡ് ഓഫീസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. സ്കൂളുകളുമായി ബന്ധപ്പെട്ട വിഭാഗത്തിനു ഗംഗ എന്നും പ്രാദേശിക ഓഫീസുകളുടെ വിവരങ്ങൾ പങ്കിടുന്ന വിഭാഗത്തിന് യമുന എന്നും പേരിട്ടിട്ടുണ്ട്. ഹെഡ് ഓഫീസ് വിഭാഗം സരസ്വതി എന്നും അറിയപ്പെടും.