നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി ഹോളിസ്റ്റിക് പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കാൻ സിബിഎസ്ഇ
ന്യൂഡൽഹി: വിദ്യാർത്ഥികളുടെ സമഗ്രമായ പുരോഗതി വിലയിരുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാൻ സി.ബി.എസ്.ഇ തയ്യാറെടുക്കുന്നു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ‘ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്’ (എച്ച്പിസി) പദ്ധതി ആരംഭിക്കും. ഓഗസ്റ്റിൽ നടന്ന സി.ബി.എസ്.ഇ ജനറൽ ബോഡി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
വിദ്യാർത്ഥികളുടെ അക്കാദമിക് വിവരങ്ങൾ സംഭരിക്കുന്ന ഡിജിലോക്കറുമായി ബന്ധിപ്പിച്ചിരിക്കുന്ന വെർച്വൽ കാർഡാണ് എച്ച്പിസി. വീടും സ്കൂളും തമ്മിൽ സുതാര്യമായ ബന്ധം നിലനിർത്താനും കുട്ടികളുടെ വിദ്യാഭ്യാസത്തിലും സമഗ്രവികസനത്തിലും മാതാപിതാക്കളെ പങ്കാളികളാക്കാനും എച്ച്പിസി ലക്ഷ്യമിടുന്നു.
അധ്യാപകർക്കും മാതാപിതാക്കൾക്കും പഠനത്തിലും മറ്റ് വ്യക്തിത്വ വികാസത്തിലും കുട്ടിയെ എങ്ങനെ പിന്തുണയ്ക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും പ്രോഗ്രസ് കാർഡിൽ വിഭാവനം ചെയ്യും. വിദ്യാർത്ഥികളുടെ പുരോഗതി സമഗ്രമായി വിലയിരുത്താൻ അധ്യാപകർക്ക് പരിശീലനം നൽകും.