അഡ്മിറ്റ് കാർഡിനായി പണം ആവശ്യപ്പെടുന്ന വെബ്സൈറ്റ് വ്യാജമെന്ന് സിബിഎസ്‌ഇ മുന്നറിയിപ്പ്
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡിന് പണം ആവശ്യപ്പെട്ട് പ്രചരിക്കുന്ന വെബ്സൈറ്റ് വ്യാജമാണെന്ന് മുന്നറിയിപ്പ്. https://cbsegovt.com എന്ന വ്യാജ വെബ്സൈറ്റ് വഴിയാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നത്. സിബിഎസ്ഇയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ബോർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in ആണെന്നും കേന്ദ്രത്തിന്‍റെ വസ്തുത പരിശോധനാവിഭാഗം വ്യക്തമാക്കി.
പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റ്(cbse.gov.in) വഴി വിദ്യാർത്ഥികളെ അറിയിക്കും. 2023 ഫെബ്രുവരി 15ന് ഇംഗ്ലീഷ് പരീക്ഷയോടെ ആരംഭിച്ച് ഏപ്രിൽ 9ന് ഭാഷാ വിഷയങ്ങളിൽ അവസാനിക്കുന്ന തരത്തിൽ ബോർഡ് പരീക്ഷകളുടെ വ്യാജ ടൈംടേബിളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.