കോഴിക്കോട് വിമാനത്താവളത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ പോലീസിനെ സഹായിക്കാൻ സിസിടിവി ക്യാമറകളും ആവശ്യമായ സൗകര്യങ്ങളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഏർപ്പെടുത്തി തുടങ്ങി. ഇന്നലെയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ആഭ്യന്തര ടെർമിനലിലെ പോലീസ് ഔട്ട്പോസ്റ്റ്, അന്താരാഷ്ട്ര ടെർമിനലിലെ എയ്ഡ് പോസ്റ്റ് എന്നിവ നവീകരിക്കാനും പദ്ധതിയുണ്ട്. സ്വർണക്കടത്ത്, യാത്രക്കാരുടെ ലഗേജുകൾ നഷ്ടപ്പെടൽ, ടെർമിനലിന് പുറത്തുള്ള പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് സജീവമായി ഇടപെടുന്നുണ്ട്. കാസർകോട് സ്വദേശിയുടെ ലഗേജ് ദിവസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടിരുന്നു. പൊലീസ് ഇക്കാര്യം അന്വേഷിച്ചപ്പോൾ ലഗേജുകൾ മാറിയതായി കണ്ടെത്തി. എന്നാൽ, ബാഗുകൾ കയറ്റിയ വാഹനത്തിന്‍റെ നമ്പർ സി.സി.ടി.വി ദൃശ്യങ്ങളിലൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ സിസിടിവി ക്യാമറകളും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് എയർപോർട്ട് ഡയറക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എയർപോർട്ട് ഡയറക്ടർ എസ് സുരേഷ് ഉടൻ ഇതിൽ ഇടപെട്ടു.