‘പുഴ മുതല്‍ പുഴ വരെ’യ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല; ആരോപണവുമായി ടി.ജി മോഹന്‍ദാസ്

രാമസിംഹന്‍ (അലി അക്ബർ) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹന്‍ദാസ്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ വിഷയത്തിൽ ഇടപെടണമെന്ന് മോഹന്‍ദാസ് ട്വീറ്റ് ചെയ്തു.

“1921-ലെ ഹിന്ദു വംശഹത്യ ആധാരമാക്കിയ പുഴ മുതൽ പുഴ വരെ എന്ന മലയാള സിനിമയ്ക്ക് കേന്ദ്ര സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടിയാണ് കേരളത്തിൽനിന്നുള്ള ഞങ്ങൾ ഈ ട്വീറ്റ് ചെയ്യുന്നത്. ഞങ്ങളുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു. പാവം നിർമ്മാതാവ് രാമസിംഹൻ ഇപ്പോൾ കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഞങ്ങൾ അനാഥരാണെന്നത് സങ്കടത്തോടെ ഉൾക്കൊള്ളുന്നു.” അനുരാഗ് താക്കൂറിനെ അഭിസംബോധന ചെയ്യുന്ന ട്വീറ്റിൽ ടി.ജി മോഹൻദാസ് കുറിച്ചു.

കേന്ദ്ര സെൻസർ ബോർഡ് ചിത്രത്തിൽ ചില തിരുത്തലുകൾ നിർദ്ദേശിച്ചതായി ടി.ജി മോഹന്‍ദാസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. രാമസിംഹൻ വേദനയോടെ അത് സ്വീകരിച്ചു എന്നും മോഹന്‍ദാസ് കുറിച്ചു. രംഗങ്ങൾ വെട്ടിമാറ്റിയ ശേഷം സിനിമ മോശമാകുകയാണെങ്കിൽ, എല്ലാവരും രാമസിംഹനെ കുറ്റപ്പെടുത്തും എന്നും സിനിമയില്‍ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല, മറിച്ച് ഒഎന്‍വി എഴുതിയത് പോലെ വറ്റിയ പുഴ മാത്രമേ കാണുകയുള്ളൂ എന്നും അദ്ദേഹം കുറിച്ചു.