‘സാറ്റർഡേ നൈറ്റ്’ സെൻസറിം​ഗ് പൂർത്തിയാക്കി; ക്ലീൻ യു സർട്ടിഫിക്കറ്റ്

നിവിൻ പോളി നായകനാകുന്ന ‘സാറ്റർ ഡേ നൈറ്റ്’ എന്ന ചിത്രത്തിന്‍റെ സെൻസറിംഗ് പൂർത്തിയായി. നിവിൻ പോളിയാണ് ഇക്കാര്യം അറിയിച്ചത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പോസ്റ്ററുകളും ട്രെയിലറും ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. 

സാറ്റർഡേ നൈറ്റ് ഒരു പക്കാ കോമഡി എന്‍റർടെയ്നർ ആയിരിക്കുമെന്ന് സൂചനയുണ്ട്. ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. നവീൻ ഭാസ്കറാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. 

ദുബായ്, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു, ഗ്രേസ് ആന്റണി, സിജു വിൽസൺ, സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.