കേന്ദ്ര സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി വിപുലീകരിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. സെപ്റ്റംബറിൽ പദ്ധതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് സർക്കാരിന്റെ നീക്കം. പദ്ധതി നീട്ടണമെന്ന് പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് പ്രതിസന്ധി മൂർദ്ധന്യാവസ്ഥയിലായ 2020 ഏപ്രിലിലാണ് കേന്ദ്രസർക്കാർ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് പദ്ധതി ആരംഭിച്ചത്.

രാജ്യത്തെ 80 കോടിയിലധികം ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്ന് കേന്ദ്ര സർക്കാർ പറയുന്നു. 2020 ഏപ്രിലിൽ ആരംഭിച്ച സൗജന്യ റേഷൻ നിരവധി തവണ നീട്ടിയിട്ടുണ്ട്. തുടക്കത്തിൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന 2020 ഏപ്രിൽ-ജൂൺ മാസ കാലയളവിലേക്ക് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്.