ബിനാമി ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ ബിനാമി ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. പരിധി ലംഘിച്ചുള്ള ഇടപാടുകൾ റദ്ദാക്കാനും ഉൾപ്പെട്ട ആസ്തികൾ പിടിച്ചെടുക്കാനുമാണ് നീക്കം. നിലവിലെ നിയമം നടപടികൾ അനുവദിക്കുന്നില്ല. 2016 ലെ ബിനാമി ട്രാൻസാക്ഷൻസ് (നിരോധന) ഭേദഗതി നിയമത്തിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

നിലവിൽ 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാടുകളാണ് ഉയർന്ന മൂല്യമുള്ളതായി കണക്കാക്കുന്നത്. ബിനാമി ഇടപാടുകളിൽ ഈ പരിധി ഉയർന്നേക്കും. ബിനാമി ഇടപാടിലൂടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടിക്രമങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) പുറത്തിറക്കും.

കഴിഞ്ഞ ഓഗസ്റ്റില്‍ 2016ലെ ബിനാമി നിയമത്തിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത സുപ്രീംകോടതി 1988- 2016 കാലയളവില്‍ ഇടപാടുകളിലെ ക്രിമിനല്‍ നടപടികള്‍ റദ്ദ് ചെയ്തിരുന്നു. 2016 ലെ ഭേദഗതി ബിനാമി ഇടപാടുകൾക്ക് തടവുശിക്ഷ വരെ ഉൾപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരുന്നത്. 2019 ലെ കണക്കനുസരിച്ച് 9,600 കോടി രൂപയുടെ 2,100 ബിനാമി ഇടപാടുകളിൽ സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.