ലഹരിക്കേസിൽ കേന്ദ്ര നിയമം ഭേദഗതി ചെയ്യണം; സമ്മര്‍ദം ചെലുത്താൻ കേരളം

തിരുവനന്തപുരം: ലഹരിക്കേസുകളിലെ കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിക്കുന്ന പഴുതുകൾ ഒഴിവാക്കി എൻഡിപിഎസ്(നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരില്‍ കേരളം വീണ്ടും സമ്മര്‍ദം ചെലുത്തും. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാന പ്രതിനിധികൾ കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നു. എം.പിമാർ വഴി വിഷയം ലോക്സഭയിൽ ഉന്നയിക്കുന്നതിനൊപ്പം മറ്റ് തരത്തിലുള്ള സമ്മർദ്ദങ്ങളും തുടരാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം.

ലഹരിക്കെതിരെ നിലവിലുള്ള കേന്ദ്ര നിയമമാണ് സംസ്ഥാനത്തിനും തുടരാനാകുക. പകരം, സംസ്ഥാനത്തിന് മറ്റൊരു നിയമനിർമ്മാണം നടത്താൻ കഴിയില്ല. ഇതാണ് പ്രതിസന്ധി. പിടികൂടിയ മയക്കുമരുന്നിന്‍റെ അളവിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കുന്നതടക്കമുള്ള നടപടി. പലപ്പോഴും, നിയമത്തിലെ പഴുതുകൾ ചെറിയ ശിക്ഷയിലേക്കോ പ്രതിയുടെ രക്ഷപ്പെടലിനോ കാരണമാകുന്നു. ഈ ഘടകങ്ങൾ ചൂണ്ടിക്കാണിച്ച് ലഹരി വ്യാപനം തടയാനും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കാനും കഴിയുന്ന തരത്തിൽ നിയമഭേദഗതി വരുത്താൻ കേരളം ഇടപെടും.

നവംബർ ഒന്നുവരെ സംസ്ഥാനത്ത് ലഹരി ഉപയോഗത്തിനെതിരെ വ്യാപകമായ ബോധവൽക്കരണ പരിപാടികൾ നടക്കും. ഇതോടൊപ്പം എക്സൈസ് വകുപ്പിന്‍റെ പരിശോധനകളും ശക്തമാക്കുന്നുണ്ട്. നവംബർ ഒന്നിന് ശേഷവും ഇപ്പോൾ നടക്കുന്ന സ്പെഷ്യൽ ഡ്രൈവ് തുടരും.