കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ്പ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സംഗീതജ്ഞന്‍ ടി.വി. ഗോപാലകൃഷ്ണന്‍, കഥകളി കലാകാരൻ സദനം കൃഷ്ണൻകുട്ടി എന്നിവരുൾപ്പെടെ പത്ത് മുതിർന്ന കലാകാരൻമാർക്ക് സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നൽകി ആദരിച്ചു. മൂന്ന് ലക്ഷം രൂപ ക്യാഷ് പ്രൈസും താമ്രപത്രവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. സരോജ വൈദ്യനാഥന്‍, ദര്‍ശന ഝാവേരി, ഛന്നുലാല്‍ മിശ്ര, എ.കെ.സി. നടരാജന്‍, സ്വപന്‍ ചൗധരി, മാലിനി രജുര്‍കര്‍, തീജന്‍ ഭായി, ഭരത് ഗുപ്ത എന്നിവരാണ് മറ്റു ജേതാക്കള്‍
2019, 2020, 2021 വർഷങ്ങളിലെ സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പെരുവനം കുട്ടന്‍ മാരാര്‍, ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള, പാലാ സി.കെ. രാമചന്ദ്രന്‍, തിരുവനന്തപുരം വി. സുരേന്ദ്രന്‍, കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍, കലാമണ്ഡലം ഗിരിജ, നിര്‍മലാ പണിക്കര്‍, നീനാ പ്രസാദ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ലക്ഷദ്വീപിലെ നാടോടി സംഗീതജ്ഞനായ സയീദ് മുഹമ്മദിനും പുരസ്കാരം ലഭിച്ചു.
ഒരു ലക്ഷം രൂപയും താമ്രപത്രവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിനായക് തോർവി (ഹിന്ദുസ്ഥാനി വോക്കൽ), ബിക്രം ഘോഷ്, അനൂപ് ജലോട്ട (സമകാലിക സംഗീതം), മഞ്ജു ഭാർഗവി (കുച്ചിപ്പുടി), മീനാക്ഷി ചിത്തരഞ്ജൻ (ഭരതനാട്യം), സുധ രഘുനാഥൻ, രാധാ നമ്പൂതിരി (കർണാടക വോക്കൽ), ജയലക്ഷ്മി ഈശ്വർ (ഭരതനാട്യം), ഒ.എസ്.അരുൺ (സംഗീതം), ചാരുമതി രാമചന്ദ്രൻ (കർണാടക വോക്കൽ), മാല ചന്ദ്രശേഖർ (കർണാടക ഇൻസ്ട്രുമെന്‍റൽ-പുല്ലാങ്കുഴൽ) എന്നിവരും പുരസ്കാരത്തിന് അർഹരായി. ആകെ 128 പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. റീത്ത രാജൻ സ്കോളർഷിപ്പ് നേടി.