ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിനായി 19744 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

ഡൽഹി: ദേശീയ ഹരിത ഹൈഡ്രജൻ മിഷനായി 19744 കോടി രൂപയുടെ പ്രാരംഭ അടങ്കൽ തുകയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2021 ലെ 75-ാമത് സ്വാതന്ത്ര്യ ദിനത്തിലാണ് ദേശീയ ഹരിത ഇന്ധന ദൗത്യം ആരംഭിച്ചത്. ഹരിത ഹൈഡ്രജന്‍റെ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കാനും അതിന്‍റെ നിർമ്മാണത്തിന്‍റെ പ്രധാന ഘടകമായ ഇലക്ട്രോലൈസറുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന നാല് ഘടകങ്ങൾ ദൗത്യത്തിൽ ഉൾപ്പെടുന്നു.

ഗ്രീൻ ഹൈഡ്രജൻ ട്രാൻസിഷൻ (സൈറ്റ്) പ്രോഗ്രാമിനായുള്ള ഇടപെടലുകൾക്കായി 17,490 കോടി രൂപയും പൈലറ്റ് പദ്ധതികൾക്കായി 1,466 കോടി രൂപയും ഗവേഷണത്തിനും വികസനത്തിനും 400 കോടി രൂപയും മറ്റ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപയും ദൗത്യത്തിന്‍റെ പ്രാരംഭ ചെലവിൽ ഉൾപ്പെടുന്നു. പ്രതിവർഷം 5 ദശലക്ഷം ടൺ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുകയാണ് പ്രാരംഭ ലക്ഷ്യം.

ഹൈഡ്രജന്‍റെ ഉത്പാദനത്തെയും ഉപയോഗത്തെയും പിന്തുണയ്ക്കാൻ കഴിവുള്ള പ്രദേശങ്ങളെ കണ്ടെത്തി ഹരിത ഹൈഡ്രജൻ ഹബ്ബുകളായി വികസിപ്പിക്കും. ഹരിത ഹൈഡ്രജൻ ഹബ് സ്ഥാപിക്കാൻ സഹായിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത ചട്ടക്കൂട് വികസിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. മെട്രിക് ടണ്‍ ലക്ഷ്യം കൈവരിക്കുന്നതിന്, 125 ജിഗാവാട്ടിന്റെ അനുബന്ധ പുനരുപയോഗ ഊര്‍ജ ശേഷി ആവശ്യമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.