പ്രത്യേക സാമ്പത്തിക മേഖലകളില്‍ 100 ശതമാനം വര്‍ക്ക് ഫ്രം ഹോമിന് അനുമതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: 2023 ഡിസംബർ 31 വരെ പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങൾക്ക് 100 ശതമാനം വർക്ക് ഫ്രം ഹോം അനുവദിക്കാൻ വാണിജ്യ വകുപ്പ് അനുമതി നൽകി. ചെറിയ നഗരങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സേവന മേഖലയിൽ കയറ്റുമതി വർധിപ്പിക്കുക എന്നിവയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം.

സ്പെഷ്യൽ ഇക്കണോമിക് സോൺ ആക്ടിന് കീഴിലുള്ള ഭേദഗതി ചെയ്ത ചട്ടം 43 എ പ്രകാരം, ഐടി ജീവനക്കാർ, ഐടി എനേബിൾഡ് സർവീസുകളിലെ ജീവനക്കാർ, യാത്രാ ജീവനക്കാർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് വീട്ടിൽ നിന്നോ പ്രത്യേക സാമ്പത്തിക മേഖലകൾക്ക് പുറത്തുള്ള ഏതെങ്കിലും സ്ഥലത്തോ ജോലി ചെയ്യാൻ അനുവാദമുണ്ട്.

കരാർ തൊഴിലാളികൾ ഉൾപ്പെടെ പ്രത്യേക സാമ്പത്തിക മേഖലകളിലെ 50 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജൂലൈയിൽ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതുവരെ പരമാവധി ഒരു വർഷത്തേക്കാണ് ഇത് അനുവദിച്ചിരുന്നത്. സ്പെഷ്യൽ ഇക്കണോമിക് സോണുകളുടെ ഡെവലപ്മെന്‍റ് കമ്മീഷണർമാർക്കും കൂടുതൽ പേർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്.