പഴയ വാഹനങ്ങളും ഇനി ബി.എച്ച് സീരീസിലേക്ക് മാറ്റാമെന്ന അറിയിപ്പുമായി കേന്ദ്രം

ഡൽഹി: വാഹന രജിസ്ട്രേഷനായി അവതരിപ്പിച്ച ഭാരത് സീരീസ് (ബിഎച്ച് രജിസ്ട്രേഷൻ) കൂടുതൽ ഉദാരമാക്കാൻ കേന്ദ്ര സർക്കാർ. നിലവിൽ പുതിയ വാഹനങ്ങൾക്ക് മാത്രമായിരുന്നു ബിഎച്ച് ലഭ്യമായിരുന്നത്. ഇനി മുതൽ പഴയ വാഹനങ്ങൾക്കും ബിഎച്ച് സീരീസിലേക്ക് മാറാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഡിസംബർ 14നാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.

പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മാത്രം ബിഎച്ച് രജിസ്ട്രേഷൻ നൽകിയാൽ മതിയെന്ന നിബന്ധനയിലും മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ പുതിയ നിർദ്ദേശം അനുസരിച്ച് ബിഎച്ച് സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികൾക്കും കൈമാറാം.

ബിഎച്ച് രജിസ്ട്രേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് അവർ ജോലി ചെയ്യുന്ന സ്ഥലത്തിന്റെയോ താമസ സ്ഥലത്തിന്റെയോ മേല്‍വിലാസത്തില്‍ അപേക്ഷിക്കാം. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. അതേസമയം പുതിയ വാഹനങ്ങൾക്കും പഴയ വാഹനങ്ങൾക്കും സർക്കാർ ജീവനക്കാർക്ക് സർവീസ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ബിഎച്ച് രജിസ്ട്രേഷൻ നേടാം.