Latestകേരളംദേശീയം

പാസ്പോര്‍ട്ട് അപേക്ഷകളിലെ പരിശോധനാമികവിന് കേരള പൊലീസിന് കേന്ദ്ര അംഗീകാരം

തിരുവനന്തപുരം: പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നല്‍കുന്ന അംഗീകാരം കേരള പൊലീസിന്. ന്യൂഡൽഹിയില്‍ നടന്ന ചടങ്ങില്‍ പൊലീസ് ആസ്ഥാനത്തെ എസ്.പി ഡോ.നവനീത് ശര്‍മ്മ വിദേശകാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കറില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു.

കേരളത്തിനു പുറമെ തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ വര്‍ഷവും പ്രവര്‍ത്തനമികവിന്‍റെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ച് നല്‍കുന്ന പുരസ്കാരം കേരള പൊലീസിന് കഴിഞ്ഞ വര്‍ഷങ്ങളിലും ലഭിച്ചിരുന്നു.

പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധയിലെ കാലതാമസം ഒഴിവാക്കുവാൻ പൊലീസിലെ സാങ്കേതികവിദഗ്ധര്‍ നിര്‍മ്മിച്ച ഇ-വി.ഐ.പി എന്ന സംവിധാനമാണ് കേരളാ പൊലീസിന് സഹായകമായത്. തൃശ്ശൂര്‍ റൂറല്‍ പൊലീസ് ജില്ലയില്‍ 2017ല്‍ നടപ്പിലാക്കിയ ഈ സംവിധാനം, രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് വിതരണം ചെയ്യുന്ന ജില്ലയായ മലപ്പുറത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വന്‍ വിജയമായിരുന്നു. 20 പൊലീസ് ജില്ലകളിലേക്ക് തുടര്‍ന്ന് ഇത് വ്യാപിപ്പിച്ചു. ഇതുവഴി പൊലീസ് ക്ലിയറന്‍സിനുളള കാലയളവ് 48 മുതല്‍ 120 മണിക്കൂര്‍ വരെ ചുരുക്കാന്‍ കഴിഞ്ഞു.