ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചു: പാക് ഒ.ടി.ടി പ്ലാറ്റ്ഫോം നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച പാകിസ്താൻ ഒ.ടി.ടി പ്ലാറ്റ്ഫോം, മൊബൈൽ ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സ്മാർട്ട് ടിവി ആപ്ലിക്കേഷൻ എന്നിവ കേന്ദ്രം നിരോധിച്ചു. ഒടിടി പ്ലാറ്റ്ഫോമായ വിഡ്ലി ടിവി, രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ, 4 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഒരു സ്മാർട്ട് ടിവി ആപ്പ് എന്നിവയാണ് നിരോധിച്ചത്.

പാകിസ്ഥാൻ ഒടിടി പ്ലാറ്റ്ഫോം വിഡ്ലി ടിവി അടുത്തിടെ ‘സേവക്: ദ കൺഫഷൻ’ എന്ന പേരിൽ ഒരു വെബ് സീരീസ് പുറത്തിറക്കിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്‍റെ വാർഷിക ദിനത്തിലാണ് വെബ് സീരീസ് പുറത്തിറക്കിയത്. ഇത് ഇന്ത്യയുടെ ദേശീയ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്നതാണെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

വെബ് സീരീസിന്‍റെ മൂന്ന് ഭാഗങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. അതിന്‍റെ ഉള്ളടക്കം ഇന്ത്യയുടെ പ്രതിരോധ മേഖലയെ ബാധിക്കുന്നതാണ്. ഇത് സംസ്ഥാനങ്ങളുടെ സുരക്ഷയെയും വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദത്തെയും ബാധിക്കുമെന്നും മന്ത്രാലയം പറഞ്ഞു. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, ബാബരി മസ്ജിദ് തകർത്ത സംഭവം, സുവിശേഷകനായ ഗ്രഹാം സ്റ്റെയിൻസിന്റെ കൊലപാതകം, മലേഗാവ് സ്ഫോടനം, സംസ്ഥാനങ്ങൾ തമ്മിലുള്ള നദീതർക്കം തുടങ്ങിയ ചരിത്ര സംഭവങ്ങളേയും വിഷയങ്ങളേയും തെറ്റായി വ്യാഖ്യാനിച്ചെന്നും മന്ത്രാലയം പറഞ്ഞു.