സുപ്രധാന പാർലമെന്ററി സമിതികളിൽ നിന്ന് പ്രതിപക്ഷത്തെ പുറത്താക്കി കേന്ദ്രസർക്കാർ

ഡൽഹി: പ്രധാന പാർലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷത്തെ നീക്കി. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, ഐടി, വിദേശകാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കി പുനസംഘടിപ്പിച്ചു. ഏകാധിപത്യ കാലഘട്ടത്തിൽ ഇത് പ്രതീക്ഷിച്ചതാണെന്ന് തൃണമൂൽ കോൺഗ്രസ് ഈ നീക്കത്തെ വിമർശിച്ചു.

ഇന്നലെ വൈകുന്നേരമാണ് ഇത് സംബന്ധിച്ച ഉത്തരവുകൾ പുറത്തുവന്നത്. ഇതോടെ കോൺഗ്രസിന് ഒരു പാർലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനം മാത്രമാണുള്ളത്. ഏറ്റവും വലിയ രണ്ടാമത്തെ പ്രതിപക്ഷ കക്ഷിയായ തൃണമൂൽ കോൺഗ്രസിന് ഒരു പാർലമെന്ററി സമിതിയുടെയും അധ്യക്ഷസ്ഥാനം ഇല്ലാത്ത സ്ഥിതിയാണ്.

കോൺഗ്രസ് എംപി മനു അഭിഷേക് സിംഗ്വിയെ ആഭ്യന്തര കാര്യ പാർലമെന്ററി കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി പകരം ബിജെപി എംപിയും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ബ്രിജ് ലാലിനെ നിയമിച്ചു. അഭിഷേക് സിംഗ്വിക്ക് മുൻപ് കോൺഗ്രസിന്റെ ആനന്ദ് ശർമയായിരുന്നു ഈ സമിതിയുടെ തലവൻ.