5ജി സേവനങ്ങൾ വേഗത്തിലാക്കാൻ നിർമ്മാതാക്കളിൽ സമ്മർദം ചെലുത്തി കേന്ദ്രം

രാജ്യത്ത് 5 ജി സേവനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നിർമ്മാതാക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തി. ഇതിനായി ആപ്പിളും സാംസങും ഉൾപ്പെടെയുള്ള കമ്പനികളെയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്തിടെ അവതരിപ്പിച്ച അതിവേഗ കണക്റ്റിവിറ്റിക്ക് കമ്പനിയുടെ പല സേവനങ്ങളും അനുയോജ്യമല്ലെന്ന ആശങ്കയുണ്ട്. ഇതിനിടെയാണ് സർക്കാരിന്റെ പുതിയ നീക്കം. ആപ്പിളിന്‍റെ ഐഫോൺ 14ലും സാംസങ്ങിന്‍റെ മിക്ക മുൻനിര ഫോണുകളിലും ഇന്ത്യയിലെ 5 ജിക്ക് അനുയോജ്യമായ സോഫ്റ്റ്‌വെയർ സംവിധാനങ്ങളില്ല.

ഇക്കാര്യം ചർച്ച ചെയ്യാൻ ബുധനാഴ്ച യോഗം ചേരും. ആപ്പിൾ, സാംസങ്, വിവോ, ഷവോമി തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോടും റിലയൻസ്, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളോടും യോഗത്തിൽ പങ്കെടുക്കാൻ ടെലികോം, ഐടി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

5ജിക്ക് അനുയോജ്യമായ രീതിയിൽ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യാൻ യോഗത്തിൽ കമ്പനികളോട് ആവശ്യപ്പെട്ടേക്കും. 5 ജി സാങ്കേതികവിദ്യയുമായി സമാനമല്ലാത്ത ഉപകരണങ്ങളിലെ സോഫ്റ്റ്‌വെയറുകൾ 5ജിയുടെ വ്യാപനത്തെ ഗണ്യമായി ബാധിക്കുന്നു. എയർടെൽ 5ജി ലഭിക്കുന്ന ഫോണുകളുടെ പട്ടികയിൽ ആപ്പിൾ ഐഫോൺ 12 മുതൽ 14 വരെയുള്ള മോഡലുകൾ സോഫ്റ്റ്‌വെയർ അപ്ഗ്രേഡിനായി കാത്തിരിക്കുകയാണ്.