ഡൽഹിയിലെ അശോക ഹോട്ടൽ ലീസിന് നൽകാനൊരുങ്ങി കേന്ദ്രം; ലക്ഷ്യമിടുന്നത് 7500 കോടി

ഡൽഹി: ഡൽഹിയിലെ പ്രശസ്തമായ അശോക ഹോട്ടൽ മൂന്ന് ഭാഗങ്ങളായി ലീസിന് നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ഹോട്ടലിനു കീഴിലുള്ള സ്ഥലങ്ങളെ രണ്ടായി വിഭജിച്ച് വാണിജ്യ ആവശ്യങ്ങൾക്കായി നൽകാനാണ് ആലോചന. ഹോട്ടൽ നടത്തുന്നതിനുള്ള അവകാശം പ്രത്യേകം നൽകും.

ഇന്ത്യാ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. 11.42 ഏക്കർ വിസ്തൃതിയിലാണ് അശോക ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. 16 സ്യൂട്ട് റൂമുകൾ ഉൾപ്പെടെ 550 മുറികളാണ് ഹോട്ടലിലുള്ളത്. ഹോട്ടൽ ജീവനക്കാരുടെ വിരമിക്കൽ, ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷന് നൽകേണ്ട നികുതി കുടിശ്ശിക എന്നിവ സംബന്ധിച്ച് തീരുമാനമെടുത്തതിനു ശേഷം ലീസിംഗ് പ്രക്രിയ ആരംഭിക്കും. നിക്ഷേപകരെ ആകർഷിക്കുന്നതിനായി കഴിഞ്ഞ വർഷം ഓഗസ്റ്റ് 22 നു നടന്ന റോഡ് ഷോയിൽ 29 നടുത്ത് കമ്പനികൾ പങ്കെടുത്തിരുന്നു.

60 വർഷത്തേക്ക് ഹോട്ടൽ ലീസിന് നൽകാനാണ് ഉദ്ദേശിക്കുന്നത്. ഹോട്ടലും സ്ഥലവും ഉള്‍പ്പടെയുള്ള പാട്ടക്കരാറിലൂടെ കേന്ദ്രം 7,500 കോടിയോളം രൂപ സമാഹരിക്കാൻ സാധ്യതയുണ്ട്. ഐടിഡിസിയിൽ കേന്ദ്ര സർക്കാരിന് 87.03 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ടാറ്റ ഗ്രൂപ്പിനു 7.87 ശതമാനം ഓഹരികളുമുണ്ട്. ശേഷിക്കുന്ന ഓഹരികളിൽ 5.1 ശതമാനം നിക്ഷേപകരുടെ കൈവശമുണ്ട്. നിലവിൽ 330 രൂപയാണ് ഐടിഡിസിയുടെ ഓഹരി വില.