പ്രതിഫലം വാങ്ങി റിവ്യൂ എഴുതുന്നവരിൽ നിന്ന് സംരക്ഷണം നൽകാൻ കേന്ദ്രം

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ പെയ്ഡ് അവലോകനങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഇത് സംബന്ധിച്ച കരട് നിയമം പുറത്തിറക്കി. ഒരു ഉൽപ്പന്നത്തിന്‍റെ റേറ്റിംഗ് കണക്കാക്കുമ്പോൾ പ്രതിഫലം വാങ്ങി എഴുതിയ അവലോകനങ്ങൾ ഒഴിവാക്കണമെന്നും ബിഐഎസ് നിർദ്ദേശിച്ചു.

ബ്രാൻഡുകൾ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമ്പോൾ, അവ സൗജന്യമായി നൽകിയോ, പ്രതിഫലം നൽകിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇ-കൊമേഴ്സ് ഇടങ്ങളിലും അവലോകനങ്ങൾ എഴുതിക്കാറുണ്ട്. ഭാവിയിൽ ഇത്തരം അവലോകനം എഴുതുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ല. എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് പെയ്ഡ് അവലോകനങ്ങൾ തിരിച്ചറിയുന്നതിനുള്ള സൗകര്യം ബിഐഎസ് കൊണ്ടുവരും. പെയ്ഡ് അവലോകനങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക മാർക്കിംഗ് സംവിധാനം ഏർപ്പെടുത്തിയേക്കും. പെയ്ഡ് അവലോകനങ്ങൾക്ക് പ്രത്യേക റേറ്റിംഗും ഉണ്ടാകും.

ശരിയായ വിലാസവും മറ്റും ഉള്ളയാളാണോ റിവ്യൂ ചെയ്യുന്നത് എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനവും ബിഐഎസ് സ്ഥാപിക്കും. ഫുഡ് ഡെലിവറി മുതൽ ഓൺലൈൻ പർച്ചേസുകൾ വരെയുള്ള എല്ലാത്തരം വാങ്ങലുകൾക്കും ഉപഭോക്താക്കൾ പ്രധാനമായും റിവ്യു ആണ് ആശ്രയിക്കുന്നത്. റേറ്റിംഗ് അനുസരിച്ച് സാധനങ്ങൾ തിരയാനുള്ള സൗകര്യങ്ങളും പ്ലാറ്റ്ഫോമുകളിലുണ്ട്. ബിഐഎസ് കൊണ്ടുവന്ന കരടിൽ, മേഖലയിലെ ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ കഴിയും. നവംബർ 10 വരെയാണ് ഇതിനുള്ള സമയം.