എയർ ഇന്ത്യയ്ക്കായി മുടക്കിയ പണം തിരിച്ചു പിടിക്കാൻ കേന്ദ്രം ; അലയൻസ് എയറിന്റെ ഓഹരി വിറ്റഴിക്കും

ന്യൂഡല്‍ഹി: സ്വകാര്യവൽക്കരിച്ച എയർ ഇന്ത്യ എയർലൈനിന്‍റെ മുൻ സബ്സിഡിയറിയായിരുന്ന അലയൻസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ ഒരുങ്ങുന്നു. അലയൻസ് എയർ ഏവിയേഷൻ, എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ്, എയർ ഇന്ത്യ എയർപോർട്ട് സർവീസസ് എന്നീ സ്ഥാപനങ്ങളിലെ ഓഹരികൾ വിൽക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച നടപടികൾ ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യക്കായി കേന്ദ്രസർക്കാർ ചെലവഴിച്ച പണത്തിന്‍റെ ഒരു ഭാഗം ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. എയർ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ബൃഹത്തായ വികസനവുമായി മുന്നോട്ട് പോകുമ്പോൾ, പുതുതായി സ്വകാര്യവൽക്കരിക്കുന്ന എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് കമ്പനിക്ക് വേണ്ടി ടാറ്റ ഗ്രൂപ്പ് തന്നെ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാജ്യത്തെ മറ്റ് പ്രധാന എയർലൈനുകളും ടാറ്റ ഗ്രൂപ്പും ചേർന്നുളള സംവിധാനം എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസിനെ ഏറ്റെടുക്കാൻ സാധ്യതയുണ്ട്.