ചൈനയിൽ നിന്ന് ഫാനുകളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ഫാനുകൾക്കും സ്മാർട്ട് മീറ്ററുകൾക്കും ഗുണനിലവാര നിയന്ത്രണ ഓർഡറുകൾ അവതരിപ്പിക്കാൻ വാണിജ്യ മന്ത്രാലയം. കർശനമായ ഗുണനിലവാര പരിശോധനകളിലൂടെ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയാണ് ലക്ഷ്യം. ഇറക്കുമതി കുറയുന്നത് ആഭ്യന്തര ഉൽപാദകർക്കും ഗുണം ചെയ്യും.
2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള സീലിംഗ് ഫാനുകളുടെ ഇറക്കുമതി 132 ശതമാനം ഉയർന്ന് 6.22 ദശലക്ഷം ഡോളറിലെത്തി. ഇതിൽ 5.99 മില്യൺ ഡോളർ ലഭിച്ചത് ചൈനയ്ക്കാണ്. രാജ്യത്തെ വൈദ്യുതി സ്മാർട്ട് മീറ്ററുകളുടെ ഇറക്കുമതി 3.1 മില്യൺ ഡോളറാണ്. സ്മാർട്ട് മീറ്ററുകളുടെ ചൈനയുടെ വിഹിതം 1.32 മില്യൺ ഡോളറാണ്. കളിപ്പാട്ടങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ 2020 ൽ ഇറക്കുമതിയിൽ 70 ശതമാനം ഇടിവുണ്ടായി. ചൈനയിൽ നിന്നുള്ള കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയിൽ മാത്രം 80 ശതമാനം ഇടിവുണ്ടായി.
ചൈനയുമായുള്ള വ്യാപാരക്കമ്മി ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ തീരുമാനം. 2022 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ചൈനീസ് വ്യാപാരത്തിൽ ഇന്ത്യയുടെ കമ്മി 44.6 ബില്യൺ ഡോളറായിരുന്നു. ഇന്ത്യ 7.8 ബില്യൺ ഡോളറിന്‍റെ സാധനങ്ങൾ കയറ്റുമതി ചെയ്തപ്പോൾ ചൈനയിൽ നിന്നുള്ള ഇറക്കുമതി 52.4 ബില്യൺ ഡോളറാണ്. ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഗുണനിലവാര പരിശോധനകൾ ഏർപ്പെടുത്തുന്ന സമ്പ്രദായം കേന്ദ്രം വിപുലീകരിക്കുകയാണ്.