വ്യക്തിവിവര സംരക്ഷണ ബില്‍ കേന്ദ്രം പിന്‍വലിച്ചു
ന്യൂഡല്‍ഹി: 2021ലെ വ്യക്തിഗത ഡാറ്റാ സംരക്ഷണ ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ നിന്ന് പിന്‍വലിച്ചു. സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) 81 ഭേദഗതികൾ ശുപാർശ ചെയ്തതിനെ തുടർന്നാണ് സർക്കാർ ബിൽ പിന്‍വലിച്ചത്. വ്യക്തികളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുക, ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി സ്ഥാപിക്കുക എന്നിവ ബില്ലിലൂടെ സർക്കാർ നിർദ്ദേശിച്ച ലക്ഷ്യങ്ങളിൽ ചിലതാണ്.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ബിൽ പിന്‍വലിക്കാൻ ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ശബ്ദവോട്ടോടെ പ്രമേയം പാസാക്കുകയും ബിൽ പിന്‍വലിക്കുകയും ചെയ്തു.
2019 ഡിസംബർ 11നാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. പൗരൻമാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസും തൃണമൂൽ കോണ്‍ഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർത്തിരുന്നു. തുടർന്ന് ഇത് പരിശോധനയ്ക്കും ശുപാർശകൾക്കുമായി സംയുക്ത പാർലമെന്‍ററി സമിതിക്ക് റഫർ ചെയ്തു. കഴിഞ്ഞ വർഷം ഡിസംബർ 16ന് സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) ലോക്സഭയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.