ആയുർവേദ കോളജിൽ തോറ്റവർക്കും സർട്ടിഫിക്കറ്റ്; സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങാൻ അധികൃതർ
തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്‍റ് ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം സമ്മാനിച്ച എല്ലാ ഡിഗ്രി സർട്ടിഫിക്കറ്റുകളും തിരിച്ചു വാങ്ങാൻ തീരുമാനിച്ച് കോളേജ് അധികൃതർ. പരീക്ഷ പാസാകാതെ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയ വിദ്യാർത്ഥികളിൽ നിന്നാണ് സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങുന്നത്. പരീക്ഷ പാസാകാത്ത ഏഴ് പേർ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തതിനെചൊല്ലിയാണ് വിവാദമുയർന്നത്.
തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ ബിരുദദാനച്ചടങ്ങിൽ ബിരുദം സ്വീകരിച്ചതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും പരീക്ഷ പാസാകാത്തവർ പ്രതിജ്ഞയെടുത്തെന്നും ആരോഗ്യ സർവകലാശാല പറയുന്നു. ഇതേതുടർന്ന് പരാജയപ്പെട്ട കുട്ടികളോട് ചടങ്ങിൽ നൽകിയ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എല്ലാ സർട്ടിഫിക്കറ്റുകളും തിരിച്ചെടുക്കാനാണ് കോളേജ് അധികൃതരുടെ തീരുമാനം. സർവകലാശാലയുടെയോ കോളേജിന്‍റെയോ സീൽ ഇല്ലാത്ത സർട്ടിഫിക്കറ്റാണ് ചടങ്ങിൽ വിതരണം ചെയ്തത്. എന്നാൽ സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
സർട്ടിഫിക്കറ്റുകൾ തിരിച്ചെടുക്കാൻ വി.സി നിർദ്ദേശിച്ചതിനെ തുടർന്നാണ് പ്രിൻസിപ്പൽ നടപടി സ്വീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കോളജിൽ സംഘടിപ്പിച്ച ബിഎഎംഎസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിലായിരുന്നു രണ്ടാം വർഷ പരീക്ഷ തോറ്റ വിദ്യാർഥികളും പങ്കെടുത്തത്. പരീക്ഷ പാസാകാത്ത ഏഴ് പേർ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുകയും പ്രതിജ്ഞയെടുക്കുകയും വി.സിക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.