മാസം തികയാത്ത ഗർഭിണിക്ക് സിസേറിയന്‍; അബദ്ധം മനസ്സിലായതോടെ മുറിവ് തുന്നിക്കെട്ടി
ദിസ്പുര്‍: ഗർഭകാലം പൂർത്തിയാകുന്നതിന് മൂന്നര മാസം മുമ്പ് ഗർഭിണിയെ അബദ്ധവശാൽ സിസേറിയന് വിധേയയാക്കിയെന്ന് പരാതി. കുഞ്ഞിന്റെ വളർച്ച പൂർത്തിയായിട്ടില്ലെന്ന് മനസിലാക്കിയതോടെ ഗർഭിണിയുടെ വയർ വീണ്ടും തുന്നിക്കെട്ടിയതായും പരാതിയിൽ പറയുന്നു. അസമിലെ കരിംഗഞ്ചിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 21നാണ് ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം അൾട്രാസൗണ്ട് സ്കാൻ പോലും നടത്താതെയാണ് ഡോക്ടർ ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ശസ്ത്രക്രിയ നടത്തിയപ്പോള്‍ കുഞ്ഞിന് വളർച്ചയെത്തിയില്ലെന്ന് മനസ്സിലായതോടെ മുറിവ് തുന്നിക്കെട്ടുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് യുവതിയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 31 ന് യുവതിയെ ഡിസ്ചാർജും ചെയ്തു.
സംഭവം പുറത്തറിയാതിരിക്കാൻ യുവതിയുടെ കുടുംബാംഗങ്ങളെ സ്വാധീനിക്കാൻ ഡോക്ടർ പരമാവധി ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം യുവതിയുടെ നില വഷളാവുകയും അയൽവാസികളും ബന്ധുക്കളും വിവരമറിഞ്ഞതോടെ ഡോക്ടർക്കെതിരെ പരാതി നൽകുകയുമായിരുന്നു.