സ്വപ്ന സുരേഷ് എഴുതിയ ‘ചതിയുടെ പത്മവ്യൂഹം’ വിപണിയിലേക്ക്

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് വിവാദങ്ങളെയും അധികാരത്തിന്‍റെ ഇടനാഴികളിൽ നടന്ന സംഭവങ്ങളെയും വിവരിക്കുന്ന പുസ്തകത്തിൻ ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ് പേരിട്ടിരിക്കുന്നത്. പുസ്തകം അടുത്ത ദിവസം വിപണിയിലെത്തും.

നേരത്തെ എം ശിവശങ്കർ ‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന പേരിൽ പുസ്തകം എഴുതിയിരുന്നു. സമാനമായ രീതിയിൽ സ്വപ്ന സുരേഷ് മഹാഭാരതത്തെ കൂട്ടുപിടിച്ച് ‘ചതിയുടെ പത്മവ്യൂഹം’ എന്ന പേര് നൽകിയിട്ടുണ്ട്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കറന്‍റ് ബുക്സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല പുസ്തകത്തിലുള്ളതെന്നാണ് വിവരം. സ്വപ്ന സുരേഷ് യു.എ.ഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന കാലത്തേതടക്കം അധികാരത്തിന്‍റെ ഇടനാഴികളിൽ കണ്ട പല കാര്യങ്ങളും പുസ്തകത്തിൽ ഉണ്ടെന്നാണ് വിവരം. സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണത്തിനിടെ തനിക്കറിയാവുന്നതെല്ലാം സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന മാധ്യമപ്രവർത്തകരോട് നടത്തിയ വെളിപ്പെടുത്തലുകളും വലിയ വിവാദമായിരുന്നു.