ദേശിയ പതാകയായി അണിനിരന്ന് ഗിന്നസ് റെക്കോർഡിൽ ഇടം നേടി ചണ്ഡീഗഡ് യൂണിവേഴ്സിറ്റി

ചണ്ഡീഗഡ്: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ കാമ്പയിൻ ശക്തിപ്പെടുത്തുന്നതിനായി ദേശീയ പതാക തീർത്തത് ഗിന്നസ് റെക്കോർഡ് ബുക്കിലിടം നേടി ചണ്ഡീഗഡ് യൂണിവേഴ്സിറ്റി വിദ്യാർഥികൾ. ശനിയാഴ്ച ചണ്ഡീഗഡിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഏറ്റവും വലിയ ദേശീയ പതാകയുടെ രൂപത്തിൽ ആളുകൾ അണിനിന്നത്. 5885 പേരാണ് ഈ നേട്ടം കൈവരിക്കാൻ ഒത്തുകൂടിയത്.

മുമ്പ് യുഎഈ തീർത്ത റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. എൻഐഡി ഫൗണ്ടേഷനും ചണ്ഡീഗഡ് സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ചണ്ഡീഗഡ് യുടിയിലെ അഡ്മിനിസ്ട്രേറ്റർ ബൻവാരിലാൽ പുരോഹിത്, എൻഐഡി ചീഫ് രക്ഷാധികാരിയും ചണ്ഡീഗഡ് സർവകലാശാല ചാൻസലറുമായ എസ് സത്നം സിംഗ് സന്ധു, യുടി അഡ്മിനിസ്ട്രേഷനിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.