ശബരിമലയിൽ ദർശന സമയത്തിൽ മാറ്റം; ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നട തുറക്കും
പത്തനംതിട്ട: ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ദർശന സമയങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് മുതൽ ഉച്ചപൂജയ്ക്ക് ശേഷം 3 മണിക്ക് നട തുറക്കും. നേരത്തെ, രാവിലെയുള്ള ദർശന സമയവും രണ്ട് മണിക്കൂർ വർദ്ധിപ്പിച്ചിരുന്നു. ക്യൂ നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനുമാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. ഇന്ന് 62,000 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ 76,000 പേരാണ് ദർശനം നടത്തിയത്.
ശബരിമല ശുചീകരിക്കാൻ പൊലീസ് ആരംഭിച്ച പുണ്യം പൂങ്കാവനത്തിന് ബദലായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പവിത്രം ശബരിമല പദ്ധതി. പുണ്യം പൂങ്കാവനം പദ്ധതിയെ പിന്നോട്ടടിക്കാനാണ് ദേവസ്വം ബോർഡിന്‍റെ നീക്കമെന്ന ആരോപണവും ഉയരുന്നുണ്ട്. ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ സർക്കാർ വകുപ്പുകൾ, ഭക്തർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ 2011ലാണ് പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമിട്ടത്. കേരള പോലീസ് ആരംഭിച്ച പദ്ധതി ഉടൻ തന്നെ ശ്രദ്ധ ആകർഷിച്ചു. കാര്യക്ഷമത കണക്കിലെടുത്ത് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാൻ തുടങ്ങുമ്പോഴാണ് ബദൽ പദ്ധതിയുമായി ദേവസ്വം ബോർഡ് എത്തുന്നത്. ഇതോടെ പുണ്യം പൂങ്കാവനത്തിൽ പങ്കാളികളായിരുന്ന ദേവസ്വം ജീവനക്കാർക്ക് പവിത്രം ശബരിമലയുമായി ചേർന്ന് പ്രവർത്തിക്കേണ്ടി വരും.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവയ്ക്ക് പുറമെ 12 ഇടത്താവളങ്ങളിലായാണ് പവിത്രം ശബരിമല നടപ്പാക്കുന്നത്. നിലവിലെ ദേവസ്വം കരാർ തൊഴിലാളികളായ വിശുദ്ധ സേനയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക. അതേസമയം ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും എല്ലാവരേയും പങ്കെടുപ്പിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.