വീടിന്റെ മുൻവാതിലിന്റെ നിറം മാറ്റി; സ്ത്രീ പിഴയായി നൽകേണ്ടത് 19 ലക്ഷം

എഡിൻബർഗിലെ ഒരു സ്ത്രീ തൻ്റെ വീടിന്‍റെ മുൻവശത്തെ വാതിലിന് പിങ്ക് നിറം നൽകി. പക്ഷേ സാധരണമെന്ന് തോന്നാവുന്ന ഈ സംഭവത്തിൽ അവർക്ക് ലഭിച്ചത് പിഴ. 20,000 പൗണ്ട് അഥവാ 19,12,263.80 രൂപയാണ് പിഴ ചുമത്തിയത്. 

48 കാരിയായ മിറാൻഡ ഡിക്സൺ കഴിഞ്ഞ വർഷം വീടിന്‍റെ നവീകരണത്തിന്‍റെ ഭാഗമായാണ് തന്‍റെ ജോർജ്ജിയൻ വീടിന്‍റെ വാതിലിന് പിങ്ക് നിറം നൽകിയത്. എഡിൻബർഗിലെ ന്യൂടൗണിലാണ് ഇവരുടെ വീട്. ലോക പൈതൃക സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത്. 2019 ലാണ് മിറാൻഡയ്ക്ക് മാതാപിതാക്കളിൽ നിന്ന് വീട് ലഭിച്ചത്. 

എന്നിരുന്നാലും, സിറ്റി ഓഫ് എഡിൻബർ​ഗ് കൗൺസിലിലെ പ്ലാനർമാർ ഇതിനെ വിമർശിച്ചു. ഇത് വെളുത്ത നിറമാക്കി മാറ്റണമെന്നും നിർദ്ദേശിച്ചു. ഇത് ദുരുദ്ദേശ്യപരമാണെന്ന് മിറാൻഡ പറയുന്നു. തെരുവിൽ ഇരുണ്ട നിറമുള്ള മറ്റ് നിരവധി വാതിലുകളുണ്ട്. എന്നാൽ അവയ്ക്ക് നേരെ ഒന്നും കൗൺസിലിന് പരാതിയില്ലെന്നും പിഴ ചുമത്തിയിട്ടില്ലെന്നും മിറാൻഡ ആരോപിച്ചു.