മാന്ത്രിക മോതിരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കേസ്
കൊല്ലം: കെഎസ്‌യു നേതാവിനെ മാന്ത്രിക മോതിരം വാഗ്ദാനം ചെയ്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അഞ്ച് ലക്ഷം രൂപ കബളിപ്പിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനെതിരേ, കൊല്ലം വെസ്റ്റ് പൊലീസിൽ കെഎസ്‌യു കൊല്ലം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ടി.ഗോകുൽ കൃഷ്ണ പരാതി നൽകി. രോഗശാന്തിക്കും ഉദ്ദേശ്യശുദ്ധിക്കും മോതിരം നൽകാമെന്ന വ്യാജേനയാണ് വിഷ്ണു സുനിൽ പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു.
നാല് മാസം മുമ്പ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിനിടെയാണ് ഗോകുലിന് അപസ്മാരം ബാധിച്ചത്. അപ്പോഴാണ് വിഷ്ണു സുനിൽ തന്‍റെ പക്കൽ ഒരു രോഗശാന്തി മോതിരം ഉണ്ടെന്ന് പറഞ്ഞത്. വിഷ്ണു ധരിച്ച നവരത്ന മോതിരം എല്ലാ സമൃദ്ധിയും ഫലപ്രാപ്തിയും ഉളവാക്കുന്നുവെന്ന് പറഞ്ഞ് തെളിവായി കാണിച്ചു.
തുടർന്ന് വിഷുദിനത്തിൽ തിരുമുല്ലവാരത്തെ വിഷ്ണുവിന്‍റെ വീട്ടിലെത്തി 25,000 രൂപ ഗോകുൽ കൈമാറി. ഒരാഴ്ച കഴിഞ്ഞപ്പോൾ 25,000 രൂപ കൂടി നൽകി. ഏതാനും ദിവസം കഴിഞ്ഞിട്ടും മോതിരം ലഭിക്കാത്തതിനാൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അരലക്ഷം കൂടി ആവശ്യപ്പെട്ടു. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയതായും തന്‍റെ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായും ഗോകുൽ മൊഴി നൽകി. വിഷ്ണുവിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വെസ്റ്റ് ഇൻസ്പെക്ടർ ഷഫീഖ് പറഞ്ഞു.