ചീറ്റകള്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി; തുറന്നുവിട്ട്, ചിത്രം പകര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എഴുപതു വർഷങ്ങൾക്കു ശേഷം വേഗരാജാവ് ഇന്ത്യൻ മണ്ണിൽ കാലുകുത്തി. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ പ്രത്യേകം തയ്യാറാക്കിയ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടു. പുറത്തിറങ്ങിയതിന് ശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയും എടുത്തു. ദൃശ്യങ്ങളിൽ, ചീറ്റകൾ അൽപം ഭയത്തോടെ കൂട്ടിൽ നിന്ന് പുറത്തേക്ക് വരുന്നത് കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മൂന്ന് ചീറ്റകളെ ആദ്യം മോചിപ്പിച്ചത്. ബാക്കിയുള്ളവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ തുറന്നു വിടും.

വംശനാശം സംഭവിച്ച ചീറ്റകൾ ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുകയാണ്. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ചീറ്റകളുമായി പ്രത്യേക ബി 747 ജംബോ ജെറ്റ് ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്ന് പറന്നുയർന്നു. ഇവിടെ നിന്ന് ചീറ്റകളെ ഹെലികോപ്റ്ററിൽ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോയി.

കേന്ദ്രസർക്കാരിന്റെ പദ്ധതി ചീറ്റ മിഷന്‍റെ ഭാഗമായി, കരയിലെ ഏറ്റവും വേഗതയേറിയ സ്പീഷീസായ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. നമീബിയയിൽ നിന്ന് അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളും എത്തി. പെൺ ചീറ്റകൾക്ക് 2-5 വയസ്സും ആൺ ചീറ്റകൾക്ക് 4-5 വയസ്സുമാണ് പ്രായം. ആൺ ചീറ്റകളിൽ രണ്ടുപേർ സഹോദരൻമാരാണ്.