രാജ്യത്തെ ആദ്യ സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാൻ ചേളന്നൂർ
കോഴിക്കോട്: രാജ്യത്തെ ആദ്യ സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാൻ ചേളന്നൂർ ഗ്രാമപഞ്ചായത്ത്. സമ്പൂർണ ഹിന്ദി സാക്ഷരത യജ്ഞം പദ്ധതിയിലൂടെ വേറിട്ട മാതൃകയാണ് ചേളന്നൂർ പഞ്ചായത്ത് നടപ്പാക്കുന്നത്. 70 വയസ്സുവരെയുള്ള എല്ലാവരെയും ഹിന്ദി സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപനം നടത്താനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.
പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ വർഷമാണ് പദ്ധതിക്ക് തുടക്കമിട്ടത്. പഞ്ചായത്തിലെ 21 വാർഡുകളിൽ 20 നും 70 നും ഇടയിൽ പ്രായമുള്ളവർക്കാണ് ക്ലാസുകൾ നൽകുന്നത്. കൃത്യമായ സർവേ നടത്തിയ ശേഷമാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഹിന്ദി ഭാഷയിലെ വിദഗ്ദ്ധരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. നൗഷീർ ചെയർമാനായും പഞ്ചായത്ത് സാക്ഷരത പ്രേരക് ശശികുമാർ ചേളന്നൂർ ജനറൽ കൺവീനറായുമാണ് സംഘാടക സമിതി രൂപീകരിച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ പേരിൽ വിവാദം നിലനിൽക്കുമ്പോഴാണ് ചേളന്നൂർ പഞ്ചായത്ത് വേറിട്ട് നിൽക്കുന്നത്.