ജലം പതഞ്ഞ് പൊങ്ങുന്നത് തടയാന്‍ കെമിക്കല്‍ പ്രയോഗം; ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് ബിജെപി എംപി

ന്യൂ ഡൽഹി: യമുനാ നദിയിലെ ജലം പതഞ്ഞ് പൊങ്ങുന്നത് തടയാനായി രാസവസ്തുക്കൾ പ്രയോഗിക്കാനെത്തിയ ഡൽഹി ജലബോർഡ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി ബിജെപി എംപി. ചാഠ് ആഘോഷങ്ങൾക്ക് മുന്നോടിയായി യമുനാ ജലത്തിൽ അമോണിയ ഫോസ്ഫറസിന്‍റെ പത ഉണ്ടാകുന്നത് കുറയ്ക്കാൻ രാസവസ്തുക്കൾ ഒഴിക്കാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് ഡൽഹി എംപി വർവേശ് വർമ്മ ആക്രോശിച്ചത്. സംഭവത്തിന്‍റെ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളിയാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

പുഴയിലെ വെള്ളത്തിലേക്ക് ഒഴിക്കാൻ കൊണ്ടുവന്ന കെമിക്കൽ ഓഫീസറുടെ തലയിൽ ഒഴിക്കുമെന്നായിരുന്നു എം.പിയുടെ ഭീഷണി. കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീനിംഗ് ഗംഗയുടേയും അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെയും അംഗീകാരമുള്ളവയാണ് രാസവസ്തുക്കൾ എന്ന ജല ബോർഡ് അംഗങ്ങളുടെ വാദം എംപി കൂട്ടാക്കിയില്ല. യമുനാ നദി എട്ട് വർഷമായിട്ടും വൃത്തിയാക്കാൻ കഴിഞ്ഞില്ല, ഇപ്പോൾ രാസവസ്തുക്കൾ കൊണ്ടുവന്ന് ആളുകളെ കൊല്ലാൻ ശ്രമിക്കുന്നുവെന്നായിരുന്നു എംപിയുടെ ആക്രോശം. ചാഠ് ഉത്സവത്തിന് വരുന്നവർ യമുനയിൽ കുളിക്കുമെന്നും അപ്പൊൾ ഈ വെള്ളത്തിൽ രാസവസ്തുക്കൾ ഒഴിക്കുന്നോ എന്നും എംപി വാട്ടർ ബോർഡ് ഉദ്യോഗസ്ഥനോട് ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. ഇത് അനുവദനീയമാണെന്നാണോ നിങ്ങൾ പറയുന്നത്? ഇത് നിങ്ങളുടെ തലയിൽ ഒഴിക്കട്ടെ, നിങ്ങൾക്ക് നാണമില്ലേ എന്നെല്ലാം പറഞ്ഞ് അദ്ദേഹം ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നത് വീഡിയോയിൽ കാണാം.

ഡൽഹി ജല ബോർഡിലെ ക്വാളിറ്റി കണ്ട്രോൾ ഡയറക്ടർ സഞ്ജയ് ശർമയോടാണ് എംപി പൊട്ടിത്തെറിച്ചത്. തങ്ങൾ ജോലി ചെയ്യുകയായിരുന്നുവെന്നും എം.പി വന്ന് ജോലി തടസ്സപ്പെടുത്തിയെന്നും അവർ പറഞ്ഞു. രാസവസ്തു എന്താണെന്നും അത് വെള്ളത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്നും പോലും ചോദിക്കാതെയായിരുന്നു എംപിയുടെ അവഹേളനമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് സഞ്ജയ് ശർമ പറഞ്ഞു.