കോട്ടയത്ത് എല്ലാവരും ഒറ്റക്കെട്ടെന്ന പ്രഖ്യാപനവുമായി ചെന്നിത്തല

കോട്ടയം: കോൺഗ്രസിൽ പിളർപ്പില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് പോകുന്നതെന്നും രമേശ് ചെന്നിത്തല. അതീവ ഗൗരവത്തോടെയാണ് ഡി.സി.സി പരിപാടി സംഘടിപ്പിച്ചത്. അതിൽ അവരെ അഭിനന്ദിക്കുന്നുവെന്നും ഉമ്മൻചാണ്ടിയുടെ ചിത്രം എങ്ങനെ ഒഴിവാക്കപ്പെട്ടുവെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചിത്രം ഒഴിവാക്കിയതിനെക്കുറിച്ച് നാട്ടകം സുരേഷ് പ്രതികരിച്ചിട്ടുമില്ല.

പോസ്റ്ററിന്‍റെ പേരിലുള്ള പോര് കോട്ടയത്തെ കോൺഗ്രസിൽ രൂക്ഷമായി തുടരുകയാണ്. ബഫർ സോൺ വിരുദ്ധ സമര പരിപാടിയുടെ പോസ്റ്ററിൽ നിന്ന് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ ഡി.സി.സി ഓഫീസ് സെക്രട്ടറി മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മനു കുമാറിനെ ലോഗോസ് ജംഗ്ഷനിൽ വച്ച് ലിബിൻ ഐസക് മർദ്ദിച്ചെന്നാണ് പരാതി. മനു കുമാറിന്‍റെ മുതുകിൽ കല്ലുകൊണ്ട് ഇടിയേറ്റ പാടുണ്ട്. മനു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മനുകുമാറിനെതിരെ ലിബിൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.