ചെന്നിത്തല പള്ളിയോടം മറിഞ്ഞ് മരണം മൂന്നായി; രാകേഷിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ രാകേഷിന്‍റെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല പള്ളിയോടം മറിഞ്ഞ വലിയപെരുമ്പുഴയില്‍ കടവില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പാലത്തിനു സമീപമായാണ് മൃതദേഹം കണ്ടെത്തിയത്. രാകേഷിനൊപ്പം അപകടത്തിൽപ്പെട്ട ആദിത്യൻ, വിനീഷ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് രാകേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ആറൻമുള ഉത്രട്ടാതി വള്ളംകളിക്ക് പുറപ്പെടാൻ തുടങ്ങവെയാണ് ചെന്നിത്തല പള്ളിയോടം മറിഞ്ഞത്. ശനിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. ആറൻമുളയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പള്ളിയോടം മുൻപോട്ടു പോയി തിരികെ വരുന്ന ചടങ്ങുണ്ട്. ഇതിനായി പള്ളിയോടം കടവ് വിട്ട് നൂറു മീറ്റർ കഴിഞ്ഞ് തിരിക്കുന്നതിനിടെ മറിയുകയായിരുന്നു.