സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വിമർശിച്ച് ചിദംബരം

ന്യൂഡല്‍ഹി: വിലക്കയറ്റത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് ബാഹ്യ ഘടകങ്ങളെ നിസ്സാരമായി കുറ്റപ്പെടുത്താൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും ചിദംബരം പറഞ്ഞു.

രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയുടെ നിലവിലെ അവസ്ഥയിൽ സർക്കാരിന് മാത്രമാണ് സംതൃപ്തിയുള്ളതെന്ന് ചിദംബരം ആരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതിയായ ‘ഡിജിറ്റൽ ഇന്ത്യ’യെയും ചിദംബരം പരിഹസിച്ചു. “സ്ഥിതി മോശമല്ലെന്ന് കാണിക്കാനാണ് അവർ ശ്രമിക്കുന്നത്. രൂപയുടെ തകര്‍ച്ചയ്ക്കും ജി.ഡി.പിയുടെ മന്ദഗതിയിലുള്ള വളര്‍ച്ചയ്ക്കും വിലക്കയറ്റത്തിനുമെല്ലാം കാരണമായി ചൂണ്ടിക്കാണിക്കുന്നത് റഷ്യ-യുക്രെയ്ന്‍ യുദ്ധമാണ്. അത് പറഞ്ഞ് സർക്കാരിന് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

“നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, പിന്നെ എന്തിനാണ് നിങ്ങൾ അധികാരത്തിൽ ഇരിക്കുന്നത്? ആഭ്യന്തര പ്രശ്നങ്ങളും ബാഹ്യ വെല്ലുവിളികളും സർക്കാർ കൈകാര്യം ചെയ്യണം. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയാണ്. ഇന്ന് രൂപയുടെ മൂല്യം റെക്കോർഡ് നിലവാരത്തിൽ താഴ്ന്ന് 82 ൽ എത്തി. മറ്റ് കറൻസികളെ അപേക്ഷിച്ച് രൂപയുടെ മൂല്യം മെച്ചപ്പെട്ട നിലയിലാണെന്നാണ് സർക്കാർ പറയുന്നത്. ഇത്തരം താരതമ്യങ്ങൾ നടത്തുമ്പോൾ, ഇന്ത്യയുടെ ആളോഹരി വരുമാനം മറ്റ് രാജ്യങ്ങളെ പോലെയല്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്,” ചിദംബരം പറഞ്ഞു.