Latestദേശീയം

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; രണ്ടാംഘട്ടത്തിൽ കേരളമടക്കം 12 സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി: കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യം തള്ളിയാണ് പ്രഖ്യാപനം. 12 സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ എസ്ഐആർ നടപ്പാക്കുക. നാളെ മുതൽ നവംബർ 3 വരെയാകും പ്രാഥിമക നടപടിക്രമങ്ങൾ. നവംബർ 4 മുതൽ ഡിസംബർ 12 വരെ വീടുകൾ കയറി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും. ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രഖ്യാപിക്കും. ജനുവരി 8 വരെ കരട് വോട്ടർ പട്ടികയിൽ പരാതിയുണ്ടെങ്കിൽ സമർപ്പിക്കാം. അന്തിമ വോട്ടർ‌ പട്ടിക ഫെബ്രുവരി ഏഴിനാകും പ്രസിദ്ധീകരിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ആദ്യവാരം പ്രഖ്യാപിക്കാനിരിക്കെയാണ് കമ്മിഷന്റെ നീക്കം.

ബിഹാറിൽ എസ്ഐആർ വിജയകരമായി പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ‌ രണ്ടാം ഘട്ടം പ്രഖ്യാപിച്ചത്. എസ്‌ഐ‌ആർ നടപ്പാക്കുന്ന കേരളം ഉൾ‌പ്പെടെയുള്ള 12 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വോട്ടർ പട്ടിക ഇന്ന് രാത്രി മരവിപ്പിക്കും.

എസ്ഐആറിനുള്ള നടപടിക്രമങ്ങള്‍ ഇന്നു മുതൽ തുടങ്ങും. ഓണ്‍ലൈനായും അപേക്ഷ പൂരിപ്പിക്കാം. ബിഎൽഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാളെ മുതൽ പരിശീലനം ആരംഭിക്കും. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ്ഐആര്‍ സംബന്ധിച്ച് സിഇഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ബൂത്ത് തല ഏജന്‍റുമാര്‍ക്കും പരിശീലനം നൽകുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ബിഹാറിൽ എസ്ഐആറുമായി ബന്ധപ്പെട്ട് ഒരു അപ്പീൽ പോലും ഉണ്ടായിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളാണ് കേരളത്തെ കൂടാതെ എസ്ഐആറിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളെയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിന്റെ ആവശ്യം തള്ളിയപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ മഹാരാഷ്ട്രയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.