ചരിത്ര കോൺഗ്രസ് പ്രതിഷേധം ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണറെ തള്ളി ചരിത്ര കോൺഗ്രസ് പ്രതിഷേധം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ ഗവർണർ പങ്കെടുത്ത് ചരിത്രവിരുദ്ധ പരാമർശം നടത്തിയപ്പോഴാണ് പ്രതിഷേധം നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിഎഎയ്ക്കെതിരെ പ്രതിഷേധം ഉയർന്ന സമയത്താണ് കണ്ണൂരിൽ ചരിത്ര കോൺഗ്രസ് പരിപാടി നടന്നത്. സിഎഎ നിയമത്തെ അനുകൂലിച്ചാണ് ഗവർണർ അവിടെ സംസാരിച്ചത്. ചരിത്ര വിരുദ്ധ പരാമർശങ്ങളാണ് നടത്തിയത്. ആ സമയത്താണ് പ്രതിഷേധം ഉണ്ടായത്. ഇർഫാൻ ഹബീബ് ലോകം ആദരിക്കുന്ന ഒരു ചരിത്രകാരനാണ്. ഗവർണർ അദ്ദേഹത്തെയാണ് ഗുണ്ട എന്ന് വിളിച്ചത്. കണ്ണൂർ വി.സിയെ ക്രിമിനൽ എന്നും ഗവർണർ വിളിച്ചു. 92 കാരനായ ഇർഫാൻ ഹബീബ് തന്നെ കൊല്ലാൻ ശ്രമിച്ചെന്നാണ് ഗവർണർ പറയുന്നത്. ഇർഫാൻ ഹബീബ് വർഷങ്ങളായി ആർഎസ്എസ് നയങ്ങൾക്കെതിരെ പോരാടുന്ന വ്യക്തിയാണ്. രാജ്യത്തെ ഏറ്റവും മികച്ച ചരിത്രകാരൻമാരിൽ ഒരാളാണ് ഗോപിനാഥ് രവീന്ദ്രൻ. കാവിവൽക്കരണത്തിനെതിരെ ശക്തമായ നിലപാടാണ് ഗോപിനാഥ് രവീന്ദ്രൻ സ്വീകരിച്ചത്. ഇക്കാരണത്താലാണ് ഇരുവരും ആർഎസ്എസിന്‍റെ വെറുക്കപ്പെട്ടവരുടെ പട്ടികയിൽ ഇടം പിടിച്ചത്. അതാണ് ഗവർണറുടെ എതിർപ്പിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.