ഗുരുസ്തുതി ചൊല്ലുമ്പോള്‍ എഴുന്നേൽക്കാതെ മുഖ്യമന്ത്രി; വിവാദം പുകയുന്നു

കണ്ണൂര്‍: ശ്രീനാരായണ കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ ഗുരുസ്തുതി ചൊല്ലുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റ് നിൽക്കാത്തതിൽ വിവാദം.

എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലം എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളിയെ മുഖ്യമന്ത്രി തടഞ്ഞതും ചർച്ചയായി. മുഖ്യമന്ത്രി ഗുരുനിന്ദ നടത്തിയെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ അടക്കമുള്ളവർ രംഗത്തുവന്നു.

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉള്‍പ്പെടെ വേദിയിലുള്ളവരെല്ലാം എഴുന്നേറ്റു നിന്നിരുന്നു. ഗുരുവിനോട് മുഖ്യമന്ത്രി അനാദരവ് കാട്ടിയെന്ന് സോഷ്യൽ മീഡിയയിൽ ചിലർ വിമർശിച്ചു. ഒരു വേദിയിലും പ്രാർത്ഥനാസമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റുനില്‍ക്കാറില്ലെന്ന് തിരിച്ചും കമന്‍റുകളുണ്ടായിരുന്നു.