വിഎസിന് ജന്മദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 99-ാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ സഖാവ് വിഎസിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്ന് പിണറായി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നൂറാം വയസ്സിലേക്ക് കടക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ട്വീറ്റ്‌ ചെയ്തു. ഗവർണർ, വിഎസിന്‍റെ മകൻ അരുൺ കുമാറിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. ” നൂറാം വയസ്സിലേക്ക് കടക്കുന്ന വിഎസിന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു,” ഗവർണർ ട്വിറ്ററിൽ കുറിച്ചു.

 അനാരോഗ്യം മൂലം വി.എസ് പൊതുവേദിയിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. നേരിയ തോതിലുള്ള പക്ഷാഘാതം ബാധിച്ചതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളുണ്ട്. വലിയ ജന്മദിനാഘോഷങ്ങളൊന്നും ഇല്ലെന്ന് വിഎസിന്‍റെ മകൻ അരുൺ കുമാർ പറഞ്ഞു.

2019ലാണ് വി എസ് അവസാനമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. അന്ന് പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണത്തിൽ വി എസ് പങ്കെടുത്തിരുന്നുവെങ്കിലും പിന്നീട് തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായി. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിന് ശേഷം വിഎസ് പൂർണ്ണ വിശ്രമത്തിലാണ്.