സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം വാരിക്കൊടുത്ത് മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സ്കൂൾ കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുത്തു. സ്കൂളുകളിലെ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കുട്ടികൾ മുഖ്യമന്ത്രിയുടെ സ്നേഹം അനുഭവിച്ചത്. കുട്ടികൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് സൗജന്യം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് തമിഴ്നാടിന്‍റെ പദ്ധതിയെന്നതും ശ്രദ്ധേയമാണ്. കുട്ടികളുമായി സംവദിക്കുമ്പോൾ, പലരും പ്രഭാതഭക്ഷണം കഴിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ മനസ്സിലാക്കി. ഇതിന് പിന്നാലെയാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്.

സർക്കാർ സ്കൂളുകളിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായാണ് പദ്ധതി. മധുര ചിമ്മക്കൽ അത്തിമൂലയിലെ സ്കൂളിൽ ഉദ്ഘാടനത്തിനെത്തിയ സ്റ്റാലിൻ കുട്ടികളോടൊപ്പം നിലത്തിരുന്ന് റവ കേസരിയും റവ കിച്ചടിയും കഴിച്ചു. കൂടെയിരുന്ന കുട്ടികള്‍ക്ക് റവ കേസരി വാരിക്കൊടുത്തു.