ആര്‍എസ്എസ് ചാപ്പകുത്തി ഗവര്‍ണറെ വിരട്ടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ലെന്ന് വി.മുരളീധരന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗവർണറോടുള്ള വെല്ലുവിളി ഭരണഘടനാ മൂല്യങ്ങളെയും സുപ്രീം കോടതി വിധിയെയും അവഹേളിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി റദ്ദാക്കി. വിധിയുടെ പശ്ചാത്തലത്തിൽ നിർവഹിക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ കടമയാണ്. ഇതിനെ ആർഎസ്എസ് അജണ്ടയായി ചിത്രീകരിക്കുന്നത് രാജ്യത്തിന്‍റെ ഭരണഘടനയെയും സുപ്രീം കോടതിയെയും അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഗവർണർക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. രാഷ്ട്രീയ പാർട്ടികളുടെ പോരാട്ടങ്ങൾ ജനാധിപത്യത്തിന്‍റെ ഭാഗമാണ്. എന്നാൽ ഭരണത്തലവൻ ഭരണകൂടത്തിന്‍റെ അധിപനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നത് വിചിത്രമാണ്. ഭരണഘടനയുടെ അന്തസ്സിനെ ബഹുമാനിക്കുന്നവർക്ക് ഉചിതമായ സമീപനമല്ല കേരളത്തിലെ സർക്കാർ സ്വീകരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

യു.ജി.സി ചട്ടപ്രകാരമല്ലാത്ത നിയമനത്തിന് ഗവർണർ വഴങ്ങേണ്ടതുണ്ടോയെന്നും മുരളീധരൻ ചോദിച്ചു. സ്വജനപക്ഷപാത നയം വിലകെടുത്തിയും ഭീഷണിപ്പെടുത്തിയും തുടരാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹചിന്ത മാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.