മുഖ്യമന്ത്രിയുടെ ദുബായ് യാത്ര അനുമതിയില്ലാതെ; അപേക്ഷയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിന് അനുമതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അനുമതിക്കായി അപേക്ഷിച്ചത്. ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. യുകെ, നോർവേ, ഫിൻലൻഡ് എന്നിവിടങ്ങളിൽ സന്ദർശനം നടത്താനായിരുന്നു മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയും തേടിയിരുന്നു. എന്നാൽ, അനുമതിക്കായുള്ള ആദ്യ അഭ്യർത്ഥനയിൽ ദുബായ് സന്ദർശനം ഉൾപ്പെടുത്തിയിരുന്നില്ല.

യുകെ, നോർവേ സന്ദർശനം പൂർത്തിയാക്കി അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോൾ മാത്രമാണ് മുഖ്യമന്ത്രി ദുബായ് സന്ദർശിക്കാൻ അനുമതി തേടിയുള്ള അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചത്. ഈ അപേക്ഷയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ മുഖ്യമന്ത്രി ദുബായിലെത്തി. ഇതോടെയാണ് മുൻകൂർ അനുമതി വാങ്ങാതെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്.

വിദേശ യാത്രകൾ നടത്തുമ്പോൾ മുഖ്യമന്ത്രിമാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണം. എന്നാൽ ഇതിൽ വീഴ്ചയുണ്ടായാലും തുടർനടപടികൾ ഉണ്ടാകില്ല. പ്രോട്ടോക്കോൾ ലംഘനം ഉണ്ടായാലും അത് ഗുരുതരമായ വീഴ്ചയായി കണക്കാക്കില്ലെന്നാണ് വിവരം.