കാഴ്ച്ച മറച്ച് ബസിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ; നടപടിയെടുക്കാതെ എം.വി.ഡി
കോഴിക്കോട്: കാഴ്ച മറയ്ക്കുംവിധം ബസിനു പിന്നിലെ ചില്ലിലുടനീളം മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച കൂളിംഗ് ഫിലിം ഒട്ടിച്ച ബസിനെതിരെ നടപടി സ്വീകരിക്കാതെ മോട്ടോർ വാഹന വകുപ്പ്. 2021 ഡിസംബർ 9ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ബസിനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
കെ.എൽ.13 എ.എഫ്. 2300 കോഴിക്കോട് സുൽത്താൻ ബത്തേരി ലക്കിടി വഴി വെള്ളാരംകുന്ന് ഗവ.കോളേജ് റൂട്ടാണ് ‘സൽഫ മോൾ’ എന്ന ഈ സ്വകാര്യ ബസിന് അനുവദിച്ചിരിക്കുന്നത്. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പരിശോധനയ്ക്ക് ശേഷം 2026 ജൂലൈ 22 വരെയാണ് പെർമിറ്റ് അനുവദിച്ചിരിക്കുന്നത്.
ഇത്തരം കൂളിംഗ് ഫിലിം ഒട്ടിച്ച് ഈ വാഹനം ഓടിക്കുന്നതിനെതിരെ കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ആരും റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ഇത്തരത്തിൽ ഓടാൻ ബസ് അനുമതി നൽകിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.