തൊഴിലിടങ്ങളില്‍ ശിശു പരിപാലനകേന്ദ്രം;പദ്ധതിയുടെ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: ‘ചൈൽഡ് കെയർ സെന്‍റർ അറ്റ് വർക്ക്സ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 10 ബുധനാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഈ പദ്ധതിയുടെ ഭാഗമായി പി.എസ്.സി ഓഫീസിൽ സ്ഥാപിച്ച ആദ്യ ക്രഷിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

കുട്ടികൾക്ക് മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസ്ഥലങ്ങളിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം
പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മുലപ്പാൽ ഒരു കുട്ടിയുടെ അവകാശമാണ്. അത് ഉറപ്പാക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ജോലിസ്ഥലത്ത് സൗകര്യങ്ങൾ ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സർക്കാർ, പൊതുമേഖലാ ഓഫീസുകളിൽ ഈ വർഷം 25 ക്രഷുകൾ ആരംഭിക്കും. പദ്ധതിക്ക് അധിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷൻ, ശിശുസൗഹൃദ ഫർണിച്ചറുകൾ, പാചക പാത്രങ്ങൾ, ബ്രെസ്റ്റ് ഫീഡിംഗ് സ്‌പേസുകള്‍, തൊട്ടിലുകൾ, ബേബി മോണിറ്ററിംഗ് ഉപകരണങ്ങൾ, കിടക്കകൾ, കളിപ്പാട്ടങ്ങൾ, ബെഡ്ഷീറ്റുകൾ, പായകൾ, ബക്കറ്റുകൾ, മോപ്പുകൾ, മറ്റ് ശുചീകരണ ഉപകരണങ്ങൾ, ഷീറ്റുകൾ എന്നിവ വാങ്ങുന്നതിന് ആവശ്യമായ തുക ജില്ലാ വനിതാ ശിശുവികസന ഓഫീസർ അനുവദിച്ചു. നാഷണൽ ക്രഷ് സ്കീം പ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേനയാണ് ക്രഷ് പ്രവർത്തിക്കുക.