ശൈശവവിവാഹം; 46കാരനും 14കാരിയുടെ മാതാപിതാക്കളും അറസ്റ്റില്‍

ബംഗളൂരു: കർണാടകയിൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 46കാരനും 14 വയസുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റിലായി. ബെംഗളൂരുവിലെ യെലഹങ്ക ന്യൂ ടൗണിലാണ് സംഭവം. വിവാഹം കഴിക്കാൻ കൂട്ടുനിന്നതിനാണ് മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വിവാഹച്ചടങ്ങുകൾ നടത്തിയ ഒരു പുരോഹിതനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പെൺകുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സിഡബ്ല്യുസി) കസ്റ്റഡിയില്‍ അയച്ചു, ഇപ്പോള്‍ ബംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡനിലെ സ്ത്രീകള്‍ക്കായുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ചിക്കബെട്ടഹള്ളിയിലെ 46 കാരനായ ഭൂവുടമ എൻ ഗുരുപ്രസാദ് എന്നയാളാണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ മതാപിതാക്കൾ ദിവസവേതന തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ്. ഇവർക്ക് മൂന്ന് പെണ്‍മക്കളാണ് ഉള്ളത്. പണമില്ലാത്തതിനാൽ കുട്ടിയുടെ വിദ്യാഭ്യാസം നേരത്തെ മുടങ്ങിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഗുരുപ്രസാദ് മാതാപിതാക്കളെ സമീപിച്ചത്. തുടര്‍ന്ന് പണം നല്‍കി വശത്താക്കുകയായിരുന്നു. പ്രതിയായ ഗുരുപ്രസാദ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പണം നല്‍കി പ്രലോഭിപ്പിച്ചതായി പോലീസ് പറയുന്നു.