കുട്ടികളെ അഭിനയിപ്പിക്കാന്‍ അനുമതിതേടിയ നിര്‍മാതാക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി: സിനിമകളിലും സീരിയലുകളിലും കുട്ടികളെ കാസ്റ്റ് ചെയ്യാൻ അനുമതി തേടിയ നിർമ്മാതാക്കളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ (എൻസിപിസിആർ) കളക്ടർമാരോട് ആവശ്യപ്പെട്ടു. 2017 നും 2022 നും ഇടയിൽ അനുമതി തേടിയവരുടെ വിശദാംശങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കണം.

കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം കളക്ടർമാർക്കാണ് കത്തയച്ചത്. നിർമ്മാതാക്കൾക്ക് കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് കളക്ടർമാരുടെ അനുമതി നിർബന്ധമാണ്, വാണിജ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ. മാതാപിതാക്കളുടെ സമ്മത പത്രവും സമർപ്പിക്കണം. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നടപടിയെന്ന് കമ്മിഷൻ അറിയിച്ചു.

നേരത്തെ മൂന്ന് മാസത്തിൽ താഴെയുള്ള കുട്ടികളെ കാസ്റ്റ് ചെയ്യുന്നത് ബാലാവകാശ കമ്മിഷൻ നിരോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്മിഷൻ പുറപ്പെടുവിച്ച കരട് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മുലയൂട്ടൽ, പ്രതിരോധ-ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ ചിത്രീകരിക്കുന്നതിന് മാത്രമേ ഈ പ്രായത്തിലുള്ള കുട്ടികളെ ഉപയോഗിക്കാവൂ.