ഉത്തരകൊറിയയില്‍ കെ-ഡ്രാമ കണ്ട കുട്ടികളെ വധിച്ചതായി റിപ്പോര്‍ട്ട്
പ്യോങ്‌യാങ്: ഉത്തരകൊറിയയിൽ കെ-ഡ്രാമ ടിവി പരിപാടികള്‍ കണ്ടുവെന്ന കുറ്റത്തിന് 2 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭരണകൂടം വധശിക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയയില്‍ ദക്ഷിണകൊറിയ, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ള ടിവി പരിപാടികളും സിനിമകളും കാണുന്നതിന് വിലക്കുണ്ട്. 16, 17 വയസുള്ള ആണ്‍കുട്ടികളെയാണ് വധിച്ചതെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബറില്‍ റ്യാങ്ങാങ് പ്രവിശ്യയിലെ സ്‌കൂളിലെ വിദ്യാർഥികളായ കുട്ടികള്‍ നിരവധി ദക്ഷിണകൊറിയന്‍, അമേരിക്കന്‍ ടിവി പരിപാടികള്‍ കണ്ടു. നഗരത്തിലെ വിമാനത്താവളത്തിലെ എയർഫീൽഡിൽ ജനക്കൂട്ടത്തിന് മുന്നിൽ വച്ചാണ് കുട്ടികളെ വധിച്ചത്. കുട്ടികൾ അതിഹീനമായ പ്രവൃത്തിയാണ് ചെയ്തതെന്നും അതിനാലാണ് നഗരവാസികളുടെ മുന്നിൽ വച്ച് ശിക്ഷ നടപ്പാക്കിയതെന്നും ഭരണകൂടം പ്രതികരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉന്നിന്‍റെ പിതാവും മുൻ രാഷ്ട്രത്തലവനുമായ കിം ജോങ് ഇല്ലിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് രാജ്യത്ത് 11 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. വിലാപ വേളയിൽ ചിരിക്കാനോ മദ്യപിക്കാനോ കടയിൽ പോകാനോ പൗരൻമാർക്ക് അനുവാദമുണ്ടായിരുന്നില്ല.