കോംഗോയിൽ ചിമ്പാൻസികളെ തട്ടിക്കൊണ്ടുപോയി; പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി
കോംഗോ: പണത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുതിയ കാര്യമല്ല. എന്നാൽ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും മൃഗങ്ങളെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുന്ന സംഭവമാണ് കോംഗോയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന ഒരു കേന്ദ്രത്തിൽ നിന്ന് മൂന്ന് ചിമ്പാൻസികളെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. മൃഗങ്ങളെ വിട്ടു കിട്ടണമെങ്കിൽ പണം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടതായി മൃഗശാല അധികൃതർ പറയുന്നു.
ജാക്ക് എന്ന പ്രൈമേറ്റ് പുനരധിവാസ കേന്ദ്രത്തിൽ നിന്നാണ് ചിമ്പാൻസികളെ തട്ടിക്കൊണ്ടുപോയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുലർച്ചെ മൂന്ന് മണിയോടെയാണ് ഇവിടെ നിന്ന് ചിമ്പാൻസികളെ തട്ടിക്കൊണ്ടുപോയതെന്ന് കേന്ദ്രത്തിന്‍റെ സ്ഥാപകൻ ഫ്രാങ്ക് ചാന്‍റേറോ പറഞ്ഞു. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ചിമ്പാൻസികളെ കൊന്ന് അവരുടെ തല തിരിച്ചയയ്ക്കുമെന്നാണ് ഭീഷണി. തട്ടിക്കൊണ്ടുപോയ ചിമ്പാൻസികൾ രണ്ട് വയസിനും അഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്. പണം ആവശ്യപ്പെട്ട് കുറ്റവാളികൾ നിരവധി തവണ കേന്ദ്രത്തെ സമീപിച്ചിരുന്നു.
ഇതേതുടർന്ന് മൃഗസംരക്ഷണ കേന്ദ്രം നിയമ സംവിധാനങ്ങളുമായും വ്യത്യസ്ത ഏജൻസികളുമായും ചേർന്ന് കുറ്റവാളികളെ കണ്ടെത്തി ചിമ്പാൻസികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. കുറ്റവാളികളെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു. പണം നൽകാൻ വിസമ്മതിച്ചാൽ ഫ്രാങ്കിന്റെ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ട് പോകുമെന്നും ഭീഷണിയുണ്ട്.