എയിംസിലെ സൈബർ ആക്രമണത്തിന് പിന്നിൽ ചൈനയാണെന്നും, ഡേറ്റ സുരക്ഷിതമെന്നും കേന്ദ്രം
ന്യൂഡൽഹി: ഡൽഹി എയിംസിലെ കമ്പ്യൂട്ടർ സംവിധാനത്തിന് നേരെ ആക്രമണം നടത്തിയത് ചൈനീസ് ഹാക്കർമാരാണെന്ന് കേന്ദ്ര സർക്കാർ. ആശുപത്രിയിൽ ചികിത്സ തേടിയ ലക്ഷക്കണക്കിന് രോഗികളുടെ വിശദാംശങ്ങൾ വീണ്ടെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.
“ചൈനയിൽ നിന്നാണ് ഹാക്കിംഗ് നടന്നത്. ആകെയുള്ള 100 സെർവറുകളിൽ അഞ്ചെണ്ണം മാത്രമാണ് ഹാക്കർമാർക്ക് ആക്സസ് ചെയ്യാൻ കഴിഞ്ഞത്. ഒരു വലിയ നഷ്ടം ഉണ്ടാകാമായിരുന്നു, പക്ഷേ ഇപ്പോൾ എല്ലാം വീണ്ടെടുത്തു,” ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
നവംബർ 23നാണ് ഹാക്കിംഗ് ആദ്യമായി കണ്ടെത്തിയത്. രണ്ട് ദിവസത്തിന് ശേഷം ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) യൂണിറ്റിന് പരാതി നൽകി. എന്നാൽ ഹാക്കർമാർ ക്രിപ്റ്റോകറൻസിയിൽ 200 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന വാദം പൊലീസ് നിഷേധിച്ചിരുന്നു.